
തിരുവനന്തപുരം: സൈലൻ്റ് വാലി പ്രക്ഷോഭത്തിന് ഊർജ്ജം പകർന്ന് കൊണ്ട് കവിയും നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ 1977 ൽ രചിച്ച സൈലൻ്റ് വാലി എന്ന നാടകം പുന:പ്രസിദ്ധീകരിക്കുന്നു. സൈലൻ്റ് വാലി പോലെയുള്ള ജൈവ വൈവിധ്യ കലവറകൾ സംരക്ഷിക്കേണ്ടത് ജീവൻ്റെ നിലനിൽപ്പിനാധാരമാണന്നും, പരിസ്ഥിതിസംരക്ഷണം ജീവൻ്റെ സംരക്ഷണമാണന്നും നാടകം ഓർമിപ്പിക്കുന്നു.
കേരളത്തിലാകമാനം ആയിരകണക്കിന് വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് സ്കൂൾ, കോളേജ് കലോത്സവ മത്സര വേദികൾ അടക്കിവാണിരുന്ന നാടകമായിരുന്നു സൈലൻ്റ് വാലി. ചലചിത്ര താരവും ചലചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിൻ്റെ വിദ്യാഭ്യാസ കാലത്ത്, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
നീമ ബുക്സ് ആണ് ഈ നാടകം പുന:പ്രസിദ്ധീകരിക്കുന്നത്. നീമ ബുക്സിൻ്റെ105-ാമത് പ്രസിദ്ധീകരണമാണ് ഈ നാടകം.കാര്യവട്ടം ശ്രീകണ്ഠൻനായരുടെ രണ്ടു നാടകങ്ങൾ ഉൾക്കൊള്ളുന്ന ‘സൈലൻ്റ് വാലി’ എന്ന ഗ്രന്ഥത്തിൻ്റെ കവർ പേജ് കേരള ചലച്ചിത്ര അക്കാദമിചെയർമാനും സിനിമാനടനുമായ പ്രേംകുമാർ പരിസ്ഥിതിപ്രവർത്തകനുംഅദ്ധ്യാപകനുമായ പള്ളിപ്പുറം ജയകുമാറിനു നൽകി പ്രകാശിപ്പിച്ചു.
നീമ ബുക്സ് ചെയർമാനും സാഹിത്യകാരനുമായ തലയൽ മനോഹരൻ നായർ , നീമ ബുക്സ് പ്രതിനിധികളായ ഹരൻപുന്നാവൂർ,തലയൽ ബാലകൃഷ്ണൻനായർ, എം.കെ.ശ്രീകുമാർ, വെണ്ണിലവേണുഗോപാലൻനായർ, കാര്യവട്ടംശ്രീകണ്ഠൻനായർ,,ബി.രാജഗോപാലൻനായർ,അനിൽ കരുങ്കുളം എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ യുവതലമുറക്ക് ബോധവത്ക്കരണം നൽകുക എന്നതാണ് പുന:പ്രസിദ്ധീകരണത്തിലൂടെ ലക്ഷ്യം വക്കുന്നതെന്ന് നീമ ബുക്സ് ചെയർമാൻ തലയൽ മനോഹരൻ നായർ പറഞ്ഞു


