
തിരുവനന്തപുരം: സാഹോദര്യത്തിന്റെയും നന്മയുടേയും സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവുമായി കിംസ്‌ഹെല്‍ത്ത്. ഡോക്ടര്‍മാര്‍, അശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമേ മറ്റ് മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും ഇഫ്താറില്‍ പങ്കെടുത്തു.
സ്‌നേഹത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓരോ ഇഫ്താറും നല്‍കുന്നതെന്ന് റമദാന്‍ സന്ദേശം നല്‍കി സംസാരിക്കവേ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഓരോ വ്യക്തിയുടേയും നവീകരണത്തിലൂടെ സമൂഹത്തിന്റെ തന്നെ പുതുക്കലിന് ഇത്തരം കൂട്ടായ്മകള്‍ ലക്ഷ്യം വയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. പാളയം ഇമാം വി.പി ഷുഹൈബ് മൗലവി, സിറിയന്‍ മലങ്കര കത്തോലിക്ക് ചര്‍ച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് ക്ലീമിസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്സി, എന്നിവരും റമദാൻ സന്ദേശം നൽകി.
കിംസ്‌ഹെല്‍ത്തിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗാന്ധിഭവനിലെ 300 അന്തേവാസികള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍ ഹോമിന്റെ സമര്‍പ്പണവും ഇഫ്താര്‍ സംഗമവേളയില്‍ നടന്നു. ഡോ. എം.ഐ സഹദുള്ളയില്‍ നിന്നും ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ താക്കോല്‍ ഏറ്റുവാങ്ങി.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ഡോ. ടി.പി. ശ്രീനിവാസന്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി രമണ്‍ ശ്രീവാസ്തവ, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, തിരുവനന്തപുരം മുസ്ലീം അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ കടയറ, കിംസ്‌ഹെല്‍ത്ത് സഹ സ്ഥാപകന്‍ ഇഎം നജീബ് തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.


