
തിരുവനന്തപുരം: തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്ന് രാവിലെ 11 മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ഇവർ ആരംഭിച്ചത്. മൂന്ന് പേരാണ് ആദ്യം സമരം ഇരിക്കുക.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത സമര മുറകളുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ഇവർ.
നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പുതിയ നിർദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശ വർക്കർമാർ ആരോപിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി 400 ഓളം പേരാണ് സമരമുഖത്തുള്ളത്.


