
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ നിലമ്പൂരിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി. ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു.
രണ്ടാം പ്രതി ശിഹാബുദ്ദീന് 8 വർഷം 9 മാസം തടവും 15,000 രൂപ പിഴയും, ആറാം പ്രതി നിഷാദിന് 5 വർഷം 9 മാസം തടവും 15,000 പിഴയും വിധിച്ച് കോടതി. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു.
മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താതെ നരഹത്യ തെളിയിയ്ക്കാൻ കഴിഞ്ഞ കേരളത്തിലെ ആദ്യ കേസാണിത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി മൈസൂർ സ്വദേശി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫ് തട്ടിക്കൊണ്ടു വരികയും പിന്നീട് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കി എന്നുമാണ് കേസ്. 2019 ആഗസ്റ്റിലാണ് സംഭവം നടക്കുന്നത്.


