
കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസെടുത്ത് പൊലീസ്. വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്. കൊച്ചിയിലെ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജനുവരിയിൽ കൊച്ചിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷാന്‍ റഹ്‍മാന്‍റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍റ് ജനുവരി 23 ന് കൊച്ചിയില്‍ ഉയിരെ എന്ന പേരിലുള്ള സംഗീത നിശ നടത്തിയിരുന്നു. ഈ പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.
കേസിൽ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. മാത്രമല്ല പരിപാടിക്കിടെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിലും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിലും ഷാനിനെതിരേ മറ്റ് കേസുകളുമുണ്ട്.


