
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത ഗൗരവപൂർവ്വം കാണണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചൂട് സംബന്ധിച്ച ആവശ്യമായ ബോധവത്കരണം പൊതുജനങ്ങൾക്ക് ഇടയിൽ നടത്തും. ചൂട് കൂടുന്ന 11 മണി മുതൽ മൂന്ന് മണിവരെയുള്ള സമയങ്ങളിൽ വിശ്രമത്തിനായി തണലുള്ള പൊതു സഥലങ്ങളും പാർക്കുകളും തുറന്ന് നൽകും.
വേനൽ കാരണം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കായി ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 156 കേസുകളാണ് വേനൽ കാരണമായി ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതൽ പാലക്കാട് ജില്ലയിലാണ് എന്നും പാലക്കാട് കാസർഗോഡ് ജില്ലകൾ പ്രത്യേകം നിരീക്ഷിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൂട് നേരിട്ട് ഏൽക്കുന്ന തൊഴിലാളികൾക്ക് അവശ്യ സൗകര്യങ്ങ തൊഴിലിടങ്ങളിൽ ഒരുക്കണം എന്നും സ്‌കൂളുകളിൽ കൃത്യമായ ഇടവേളകളിൽ വാട്ടർ ബെൽ സംവിധാനം ഏർപ്പെടുത്തണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.


