
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ പരാതിയുമായി കോൺഗ്രസ്. പാലക്കാട് നഗരസഭയിൽ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രശാന്തിന്റെ പ്രസംഗം. പാലക്കാട്, പിരായിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. പ്രശാന്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്‌ഗെവാറിന്റെ പേര് നൽകിയതിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചടങ്ങിന് മുൻപ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പദ്ധതി ഭൂമിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.ഡിവൈഎഫ്ഐ പ്രവർത്തകർ വേദി അടിച്ചുതകർത്തതോടൊപ്പം ശിലാഫലകവും നശിപ്പിച്ചു.
കോൺഗ്രസ് ചടങ്ങ് അലങ്കോലപ്പെടുത്തി എന്ന് ആരോപിച്ച് ബിജെപി ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി. അതിനിടെയാണ് പ്രശാന്ത് ശിവൻ, രാഹുൽ മാങ്കൂട്ടത്തിനെതിരെ ഭീഷണി മുഴക്കിയത്. “ദേശീയവാദികൾക്കെതിരെ അനാവശ്യ പ്രസ്താവനകൾ തുടർന്നാൽ, പത്തനംതിട്ടയിൽനിന്ന് വന്ന പാലക്കാട്ടെ എംഎൽഎയ്ക്ക് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാലുകുത്താൻ ബിജെപിയുടെ അനുവാദം വേണ്ടിവരും. അത്തരമൊരു കാലം വിദൂരമല്ല,” എന്നാണ് പ്രശാന്ത് പറഞ്ഞത്. ഹെഡ്‌ഗെവാറിന്റെ പേര് തന്നെ കേന്ദ്രത്തിന് നൽകുമെന്നും, നഗരസഭയുടെ വികസനം തടസ്സപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
കാൽ വെട്ടിക്കളയുമെന്നാണ് ഭീഷണിയെങ്കിൽ, കാൽ ഉള്ളിടത്തോളം ആർഎസ്എസിനെതിരെ സംസാരിക്കും എന്നും കാൽ വെട്ടിയാലും ശരീരം ഉള്ളിടത്തോളം ആർഎസ്എസിനെതിരെ പോരാടും എന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. ഹെഡ്‌ഗെവാറിന്റെ പേര് കേന്ദ്രത്തിന് നൽകിയതിനെ നിയമപരവും ജനാധിപത്യപരവും രാഷ്ട്രീയപരവുമായി നേരിടും. എത്ര ഭീഷണിപ്പെടുത്തിയാലും ആർഎസ്എസിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


