
കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം- അണ്ടുർക്കോണം പോത്തൻകോട് റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപിക്കരിച്ച് സമരപരിപാടിക്കൊരുങ്ങുന്നു.
ആക്ഷൻ കൗൺസിലിന് രൂപം നൽകാൻ നാളെ ( ഞായർ) വൈകിട്ട് നാലുമണിക്ക് പാച്ചിറയിൽ യോഗം ചേരും. ജനപ്രതിനിധികൾ, നാട്ടുകാർ, വിവിധ രാഷ്ടീയ, സാമൂഹിക സംഘടനയിലുള്ള നൂറുകണക്കിന് യോഗത്തിൽ പങ്കെടുക്കും. കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതാ വികസനം നടപ്പാക്കുന്നതോടെ പള്ളിപ്പുറത്ത്നിന്ന് അണ്ടൂർക്കോണം വഴിയും കീഴാവൂർ വഴിയും പോത്തൻകോട്ടേക്ക് തിരിഞ്ഞുപോകാൻ കിലോമീറ്ററോളം ചുറ്റിക്കറങ്ങണം.
നിലവിൽ തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കീഴാവൂർ,അണ്ടൂർക്കോണം, പോത്തൻകോട്ടേക്ക് പോകാൻ പള്ളിപ്പുറത്തു നിന്ന് വലത്തോട്ട് തിരിഞ്ഞാണ് പോകുന്നത്. ദേശീയപാത വികസിപ്പിക്കുന്നതോടെ ഈ റൂട്ട് പൂർണമായും അടയും. ഇതോടെ ഇവിടെനിന്ന് തിരിഞ്ഞ് പോകേണ്ട വാഹനങ്ങൾ സി.ആർ.പി.എഫ് ജംഗ്ഷനിൽ പോയി നാലും അഞ്ചും കിലോമീറ്റർ ചുറ്റി സർവീസ് റോഡുവഴി പള്ളിപ്പുറത്തെത്തിയാണ് പോത്തൻകോട്ടേക്ക് തിരിയേണ്ടത്.
മാത്രമല്ല പാച്ചിറ കീഴാവൂർ, വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലാകും. പള്ളിപ്പുറം പവർഗ്രിഡ്, അണ്ടൂർക്കോണം 210 കെ.വി സബ് സ്റ്റേഷൻ, നിരവധി ആരാധനാലയങ്ങളും, സ്കൂളുകൾ, കൃഷിയിടങ്ങൾ ഇതൊന്നും വകവയ്ക്കാതെ നിലവിലുള്ള ഗതാഗത സംവിധാനം ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ലെന്നാണ് നിലപാടിലാണ് നാട്ടുകാർ.


