
ചെന്നൈ: ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ച 10 ബില്ലുകൾ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ നിയമമാക്കി ചരിത്രം കുറിച്ച് തമിഴ്നാട് സർക്കാർ. സുപ്രീം കോടതിയുടെ അനുകൂല വിധി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. ഇന്ന്പുലർച്ചെയാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ ബില്ലുകൾ നിയമമായതായി സർക്കാർ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത് ഇന്ത്യയിൽ ആദ്യമാണ്.
നിയമമായ ബില്ലുകളിൽ സർവകലാശാല ഭേദഗതിയും ഉൾപ്പെടും. തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രി വഹിക്കും. ഇതുവരെ ഗവർണർ ആയിരുന്നു ഈ സ്ഥാനത്ത്. ബിൽ നിയമമായതോടെ, സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കും. ഇതിനായി രജിസ്ട്രാർമാരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗവർണർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ബില്ലുകൾ പിടിച്ചുവച്ച നടപടി നിയമവിരുദ്ധമാണെന്നും, 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടത് റദ്ദാക്കണമെന്നും ആണ് കോടതി വിധി പറഞ്ഞത്. ഭരണഘടനയുടെ അനുഛേദം 200 പ്രകാരം, ഗവർണർക്ക് വിവേചനാധികാരമില്ലെന്നും, നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അനുവാദമുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉപദേശപ്രകാരം ഗവർണർ പ്രവർത്തിക്കണമെന്നും, അനുഛേദം 200-നനുസരിച്ച് ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു.
സുപ്രീം കോടതി വിധി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരുന്ന സർക്കാർ വിധി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതോടെ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചാണ് നടപടി പൂർത്തിയാക്കിയത്.


