
കൽപറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ് നിർമാണം ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഇന്ന് രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തേയിലച്ചെടികൾ പിഴുതുമാറ്റി നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.
നിർമാണത്തിനായി 64.4705 ഹെക്ടർ ഭൂമി ഏറ്റെടുത്തതിന്റെ നടപടിക്രമങ്ങൾ ഇന്നലെ രാത്രി പൂർത്തിയായി. കൽപറ്റ വില്ലേജ് ബ്ലോക്ക് 19 റീ സർവേ നമ്പർ 88ൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് ലഭിച്ചത്. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, സ്പെഷ്യൽ ഓഫിസർ ജെ.ഒ. അരുൺ, എഡിഎം കെ. ദേവകി എന്നിവരുടെ നേതൃത്വത്തിൽ രാത്രി തന്നെ സർക്കാർ ബോർഡ് സ്ഥാപിച്ചു. തുടർന്ന് അർധരാത്രിയോടെ ഊരാളുങ്കലിന് നിർമാണം തുടങ്ങാനുള്ള അനുമതി നൽകി.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഊരാളുങ്കൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വിഷുവിന് ശേഷം ചൊവ്വാഴ്ച മുതൽ പരമാവധി തൊഴിലാളികളെ എത്തിച്ച് പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. അവധി ദിവസങ്ങൾക്ക് ശേഷം ഏകദേശം 400 തൊഴിലാളികളെ നിയോഗിച്ച് നിർമാണം ത്വരിതപ്പെടുത്തുമെന്നും ഊരാളുങ്കൽ അറിയിച്ചു. കോടതി ഉത്തരവിനായി കാത്തിരുന്നതിനാൽ നേരത്തെ കാലതാമസം നേരിട്ടിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കലിന് അനുമതി ലഭിച്ചതോടെ ദുരന്തബാധിതർക്ക് പുതിയ താമസസൗകര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ട് പോകുകയാണ്.


