
തിരുവനന്തപുരം: വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കക്കറും. ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ:
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങൾ. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ. ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷു ആശംസ നേർന്നു. വിഷുവിന്റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ. പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജ്ജം നൽകട്ടെ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ വിഷുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ ഉത്സവത്തിൽ മലയാളികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ


