
പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും വധഭീഷണി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് പോലീസിൽ പരാതി നൽകി. വാട്‌സാപ്പിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി സന്ദേശം ലഭിച്ചത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. സന്ദേശം ലഭിച്ച ഫോൺ നമ്പറും ഭീഷണി സന്ദേശവും ഉൾപ്പെടെയാണ് സന്ദീപ് വാര്യർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന്റെ വിവരങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം;
വാട്സാപ്പിൽ യുഎഇ നമ്പറിൽ നിന്നും ലഭിച്ച വധഭീഷണി സന്ദേശം സംബന്ധിച്ച പരാതി പാലക്കാട് എസ്പിക്ക് നൽകി. വോയിസ് മെസ്സേജിൽ മുസ്ലിം സമുദായത്തെയും പാണക്കാട് തങ്ങൾ കുടുംബത്തെയും നിന്ദ്യമായ ഭാഷയിൽ ആക്ഷേപിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങൾക്കിടയിൽ എൻ്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് കീഴിൽ അസഭ്യവർഷം നടത്തുകയും മതവിദ്വേഷവും വർഗീയതയും ഉൾപ്പെട്ട കമന്റുകൾ ചെയ്യുകയും ചെയ്ത വ്യക്തികൾക്കെതിരെ അടുത്ത ദിവസങ്ങളിൽ നിയമ നടപടി സ്വീകരിക്കും.
പാലക്കാട് എസ്പിക്ക് നൽകിയ പരാതി…
———–
സർ മുകളിൽ നൽകിയിരിക്കുന്ന വോയിസ് മെസ്സേജുകൾ എനിക്ക് യുഎഇ നമ്പറിൽ നിന്ന് ഇന്ന് രാത്രി ലഭിച്ചതാണ്. ഇതിലെ രണ്ടാമത്തെ മെസ്സേജിൽ നിന്നെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ വേറെ രീതിയിൽ കാണും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് വധഭീഷണിയാണ്. മാത്രമല്ല പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലും ഈ വോയിസ് മെസ്സേജിൽ പരാമർശങ്ങൾ ഉണ്ട്. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
സന്ദീപ് വാര്യർ
കെപിസിസി വക്താവ്
ദീപ്തി
ചെത്തല്ലൂർ പോസ്റ്റ്
മണ്ണാർക്കാട് പാലക്കാട്


