
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷം തടയാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം. കിളിമാനൂർ കരിക്കകത്ത് ക്ഷേത്രത്തിൽ വച്ചാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം നടന്നത്.
അമ്പലത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. പരിപാടി നടക്കുന്നതിനിടെ സംഘർഷാവസ്ഥ ഉണ്ടാകുകയായിരുന്നു. ഇത് തടയാനെത്തിയ പോലീസുകാരെയാണ് പ്രതികൾ അതിക്രൂരമായി മർദിച്ചത്.
ആക്രമണത്തിൽ എസ്ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു.യുവാക്കൾ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിൽ ആക്രമികളായ 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കാട്ടാമ്പുറം സ്വദേശികളായ അൽ മുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരെ പോലീസ് പിടികൂടുകയും ബാക്കിയുള്ളവർക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.


