
തിരുവനന്തപുരം: യുവതലമുറയുൾപ്പെടെ ലഹരിക്കുമിപ്പെട്ട് അധാർമികതയുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമെന്ന് അഹ്മദ് ദേവർകോവിൽ എം എൽ എ. അനാർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പ്രീ & പോസ്റ്റ് മാരിറ്റൽ കൗൺസിലിംങ് പൂർത്തിയാക്കിയ അൻപതോളം ജമാ അത്തുകളിലെ ഇമാമുമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് അനുദിനം വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളും ശിഥിലമാക്കുന്ന കുടുംബ ബന്ധങ്ങളും പരിഹരിക്കാൻ എല്ലാ മഹല്ലുകളിലേക്കും ഇത്തരം കൗൺസിലിംഗ് സംവിധാനങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത്തരം നന്മയാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അനാർ എജൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ എ. ഇ. സി. റ്റി പ്രസിഡൻ്റ് അലി അക്ബർകരിച്ചാറ രചിച്ച ‘എൻ്റെ രക്ഷിതാവിനെ ഞാനറിഞ്ഞുവോ’ എന്ന പുസ്തകം കല്ലമ്പലം അർഷദ് മൗലവി അൽ ഖാസിമിയും ‘യുവമിഥുനങ്ങൾക്ക് സ്നേഹപൂർവ്വം’ എന്ന പുസ്തകം മുജീബ് ഫാറൂഖിയും പ്രകാശനം ചെയ്തു. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മാമം അബ്ദുലത്തീഫ് ബാഖവി അവർകൾ മുഖ്യപ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി.


