
തിരുവനന്തപുരം: “നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കേരളത്തിലെ വിവിധ മണ്ഡലങ്ങളിലൂടെ സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് കിഴക്കേകോട്ടയിൽ നിന്നും ആരംഭിക്കുമെന്ന് പദയാത്ര സംസ്ഥാന ജനറൽ കൺവീനർ എസ്. ഇർഷാദ് പത്രകുറിപ്പിൽ അറിയിച്ചു. വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്ര സംസ്ഥാനത്തെ 14 ജില്ലയിലും പര്യടനം നടത്തി മെയ് 31-ന് കോഴിക്കോട് സമാപിക്കും.
ഏപ്രിൽ 19 ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ന് കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിൽ നിന്നും അമ്പലത്തറ പരവൻകുന്നിലേക്കാണ് സംസ്ഥാനതല പദയാത്ര ഉദ്ഘാടനം നടക്കുന്നത്. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ എസ്. പി ഉദയകുമാർ, വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം തുടങ്ങിയവർ മുഖ്യാതിഥികളായി പദയാത്രയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം 5.30-ന് പരവൻകുന്ന് ജംഗ്ഷനിൽ ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും.
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് മണ്ഡലത്തിലും വാമനപുരം മണ്ഡലത്തിലും സംസ്ഥാന പ്രസിഡൻ്റ് നയിക്കുന്ന പദയാത്ര സംഘടിപ്പിക്കും. ഏപ്രിൽ 21-ന് പുതുക്കുറിച്ചി മുതൽ പെരുമാതുറ വരെയാണ് ചിറയിൻകീഴ് മണ്ഡലത്തിലെ പ്രവർത്തകരോടൊപ്പം സംസ്ഥാന പ്രസിഡണ്ട് പദയാത്ര നടത്തുന്നത്. മുതലപ്പൊഴി സമര നേതാക്കൾ പദയാത്രയിൽ അണിനിരക്കും. അന്നേ ദിവസം ഉച്ചയ്ക്കു ശേഷം വാമനപുരം മണ്ഡലത്തിലെ പാങ്ങോട് ജംഗ്ഷനിലേക്ക് പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് എസ്. ഇർഷാദ് അറിയിച്ചു.


