
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ് സംഭവം. വെങ്ങാനൂർ സ്വദേശി ജി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾ വീടിന് തീവെച്ചത്.
വീടിനും വീടിനു മുൻവശത്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇയാൾ പെട്രോൾ ഒഴിച്ച ശേഷം തീ വയ്ക്കുകയായിരുന്നു.തുടർന്ന് സ്വയം പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി. വീടിന് തീ പടർന്ന് പിടിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയാണ് ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഫിർഫോഴ്‌സ് എത്തി തീ അണയ്ക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ആധാരവും മറ്റ് രേഖകളും ഇതിനൊപ്പം കത്തി നശിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.


