ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് (65) മരിച്ചത്. കുടുംബത്തോടൊപ്പം രാമചന്ദ്രൻ ഇന്നലെയാണ് കശ്മീർ എത്തിയത്. ഭാര്യയും മകളും മകളുടെ മക്കളും അടങ്ങുന്ന സംഘവുമായാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റ് കുടുംബാംഗങ്ങൾ സുരക്ഷിതരെന്നാണ് വിവരം.
ഹരിയാന സ്വദേശിയും കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനുമായ ലെഫ്റ്റനന്റ് വിനയ് നർവാൾ, ഹൈദരാബാദ് സ്വദേശിയും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനുമായ മനീഷ് രഞ്ജൻ എന്നിവരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയൽ ഓഫിസിൽ ജോലി ചെയ്ത് വരികയായിരുന്നു മനീഷ്.
ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവർ ചികിത്സയിലാണ്. ഇവരെ ശ്രീനഗറിലേക്ക് മാറ്റും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്.ബൈസരന്‍ പര്‍വതത്തിന് മുകളിലെ പുൽത്തകിടി ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.
2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നതെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നുമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.