
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചു. തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കേസിൽ രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി വിധിച്ചിരുന്നു. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. രാജേന്ദ്രൻ ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ രാജേന്ദ്രന് പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്.


