
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടി സ്വീകരിച്ച് ഇന്ത്യ. സിന്ധൂനദീജല കരാർ മരവിപ്പിക്കും. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകുന്നേരം നടക്കും. പാര്‍ലമെന്‍റ് അനക്സില്‍ വൈകുന്നേരം 6 മണിയോടെയാണ് യോഗം ആരംഭിക്കുക. മാത്രമല്ല അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൂടാതെ പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി. പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്താനും അട്ടാരി അതിർത്തി അടയ്ക്കാനും തീരുമാനമായി. പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരികെ എത്തിക്കാനും യോഗം തീരുമാനിച്ചു.


