
പത്തനംതിട്ട: അൽഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവത്തിൽ ഹോം നഴ്സ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമൺ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ അല്‍ഷിമേഴ്‌സ് രോഗിയെ ഹോം നഴ്‌സ് ക്രൂരമായി മര്‍ദ്ദിക്കുകയും നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
59കാരനായ ശശിധരൻ പിള്ളയ്ക്കാണ് മർദനമേറ്റത്. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. വീണു പരുക്കേറ്റെന്നായിരുന്നു ഹോം നഴ്സായ വിഷ്ണു ശശിധരൻ പിള്ളയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ 22ാം തീയതിയാണ് സംഭവം നടന്നത്. സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ വ‍്യക്തമായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. രോഗിയെ നഗ്നനാക്കി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. മർദനത്തെത്തുടർന്ന് രോഗി അബോധാവസ്ഥയിലായി. അതിനു ശേഷമാണ് നിലത്ത് വീണ് ബോധംപോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ വിളിച്ചു വരുത്തിയത്.


