
തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയെ കയറിപ്പിടിച്ച അറ്റൻഡർ തിരുവല്ലം സ്വദേശി ദിൽ കുമാർ (51) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി ഈ വിവരം ബന്ധുക്കളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പറഞ്ഞിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തുകയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെയാണ് സംഭവമമെന്നാണ് പരാതി. തുടർന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


