
പോത്തൻകോട്: കെട്ടിട നിർമ്മാണത്തിനായി കിളിമാനൂരിൽ നിന്ന് കരിങ്കൽ കയറ്റി വന്ന ടിപ്പർ ലോറി കാട്ടായിക്കോണത്തിനു സമീപം ശാസ്തവട്ടത്ത് തോട്ടിലേക്ക് തലകീഴായി മിറഞ്ഞു. ലോറി വലതുഭാഗത്തേക്കും മിറഞ്ഞതിനാൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ചീരാണിക്കര സ്വദേശിയായ അരുണിൻ്റേതാണ് ടിപ്പർലോറി. ശാസ്തവട്ടത്ത് മണികണ്ഠൻ എന്നയാളുടെ വീട് വെക്കുന്നതിനു വേണ്ടിയാണ് കരിങ്കൽ കയറ്റിവന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. അധികം ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ വേണ്ട ഉറപ്പില്ലാത്ത റോഡാണിത്.
പ്രധാന റോഡിൽ നിന്ന് തോടിനോട് ചേർന്നുള്ള ബണ്ട് റോഡാണിത്. ചെറിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഗതാഗതത്തിനായി ടാർ ചെയ്തു ഉപയോഗിക്കുന്നതാണ്.
തോടിനോട് ചേർന്ന് അടിവാരം ബലപ്പെടുത്തുകയോ റോഡ് ബാരിയറുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലാത്ത റോഡിലൂടെ ഇത്രയും ഭാരം കയറ്റി വന്നതാണ് തോടിനോട് ചേർന്ന റോഡിൻറെ ഭാഗം ഇടിഞ്ഞു ലോറി മറിയുവാൻ ഇടയാക്കിയത്. പോത്തൻകോട് പോലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തി. മറ്റൊരു ഹിറ്റാച്ചി എത്തി ലോറിയിലും തോട്ടിലുമായി വീണുകിടന്ന കരിങ്കല്ലുകൾ നീക്കം ചെയ്തശേഷം ക്രയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.


