
തിരുവനന്തപുരം: മെയ് ദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേകറും. പ്രാചീനതയിൽ നിന്നും ആധുനിക കാലത്തേക്കുള്ള മാനവചരിത്രം രചിച്ചത് മനുഷ്വാദ്ധ്വാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ധ്വാനശേഷിയാണ് മനുഷ്യന്റെ ഏറ്റവും മൂല്യവത്തായ ശക്തി. ആ ശക്തിയുടെ മൂർത്തരൂപമായ തൊഴിലാളി വർഗത്തിന്റെ വിമോചന മുദ്രാവാക്യമാണ് ഓരോ മെയ്ദിനവും മുഴക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുതലാളിത്തത്തിന്റെ ചങ്ങലകളാൽ ബന്ധിതമായ തൊഴിലാളിവർഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാണ് മെയ് ദിനം പകരുന്നത്. വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിച്ച് സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി അദ്ധ്വാനിക്കുമെന്ന് ഈ മെയ് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് ദിനം പ്രമാണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആശംസ നേർന്നു. ‘തൊഴിലാളി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെയും, നിരന്തര പോരാട്ടത്തിന്റെയും ഓർമ്മപ്പെടുത്തലുകളാണ് ഓരോ മേയ് ദിനവും നമുക്ക് നൽകുന്നത്.
തൊഴിലിടങ്ങളിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതിന് അർപ്പണബോധത്തോടെ അദ്ധ്വാനിക്കുന്ന എല്ലാ ജനങ്ങൾക്കും എന്റെ ആശംസകൾ’ – ഗവർണർ സന്ദേശത്തിൽ പറഞ്ഞു.


