spot_imgspot_img

വിഴിഞ്ഞം രാജ്യത്തെ പുതിയ സമുദ്ര യുഗത്തിന്റെ തുടക്കം: മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതോടെ രാജ്യത്തിന്റെ പുതിയ സമുദ്ര യുഗത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഒരോ മലയാളിക്കുമുള്ള സമ്മാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ്ങ്. മേയ് രണ്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാവുകയാണ്.

ഇതൊരു പുതിയ തുറമുഖത്തിന്റെ തുടക്കം കുറിക്കൽ മാത്രമല്ല; ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോള തലത്തിൽ നിർണ്ണായക സ്ഥാനം നൽകുന്ന ഒരു പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂർത്തവുമാണ്. ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിന്റെ പുതിയ കാറ്റ് വീശാൻ തയ്യാറെടുക്കുന്ന ഒരു വൻകിട പദ്ധതി, കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായി യാഥാർത്ഥ്യമാവുകയാണ്.

കഴിഞ്ഞ ദിവസം വിഴിഞ്ഞം പോർട്ടിലെത്തി അവിടെ നിർമ്മാണ പുരോഗതിയും കമ്മീഷനിങ്ങിനുള്ള തയ്യാറെടുപ്പും നേരിട്ട് കണ്ടിരുന്നു. രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻഷിപ്‌മെൻറ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തേക്കെത്തും.

എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർത്ഥ്യമായത്. രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. നിർണ്ണായകമായ പുലിമുട്ട് നിർമ്മാണം പോലുള്ള ഘടകങ്ങൾ പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിംഗോടെയാണ് പൂർത്തിയാക്കിയത്.

ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് പുലിമുട്ടിന്റെ ആദ്യ ഘട്ടം. 28 മീറ്റർ ഉയരം വരുന്ന, ഏകദേശം 9 നില കെട്ടിടത്തിന് തുല്യം ഉയരമുള്ള ഈ നിർമ്മിതി, ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.

2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതും തുറമുഖത്തിന്റെ അനന്തമായ സാധ്യതയാണ് കാട്ടിത്തരുന്നത്.

പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു.

വിജിഎഫ് കരാർ ഒപ്പിട്ടതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. തുറമുഖം രാഷ്ടത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ കേരളം എന്ന പേര് തങ്കലിപികളിൽ എഴുതപ്പെടുകയാണ്.

2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്യുകയുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്. എം എസ് സിയുടെ പ്രധാന ചരക്ക് ഗതാഗത പാതയായ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റി യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പോകുന്ന കപ്പൽ പാതയിലെ പ്രധാന സർവീസുകളിൽ ഒന്നാണ് ജേഡ് സർവീസ്. ഈ സർവീസിലെ ദക്ഷിണ ഏഷ്യയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്.

ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സർവീസിൽ, വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാൻ കഴിയുന്നതും ഉയർന്നതോതിൽ കണ്ടെയ്‌നറുകൾ കൈമാറ്റം ചെയ്യാൻ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമാണ് എം എസ് സി ഉൾപ്പെടുത്തിയിരിക്കുന്നത്. ആ പട്ടികയിലേക്ക് ട്രയൽ റൺ ഘട്ടത്തിൽ തന്നെ വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയെന്നത് വലിയ നേട്ടമാണ്. ഇതോടെ ദക്ഷിണേഷ്യയിലുള്ള ചൈനയിലെ ക്വിങ്ദാവോ, നിങ്‌ബോഷൗഷാൻ, ഷാങ്ഹായ്, യാൻറിയൻ ദക്ഷിണ കൊറിയയിലെ ബുസാൻ, സിംഗപ്പൂർ എന്നീ വൻകിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എത്തിച്ചേരുന്നത്. സിംഗപ്പൂരിൽ നിന്നും വിഴിഞ്ഞത്തെത്തുന്ന എം എസ് സി കപ്പൽ അവിടെ നിന്നും സ്‌പെയിനിലെ വലൻസിയ തുറമുഖത്തേക്കും തുടർന്ന് ബാഴ്‌സലോണ തുറമുഖം വഴി അവസാന കേന്ദ്രമായ ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്തേക്കുമാണ് പോവുക.

ജേഡ് സർവീസിൽ ഇടം പിടിച്ചതോടെ ദക്ഷിണ ഏഷ്യയുടെ ചരക്കു ഗതാഗത മുഖമായി വിഴിഞ്ഞം മാറുകയാണ്. ഇതോടെ ഇന്ത്യയിലേക്കു വരുന്ന കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് വന്നു കേന്ദ്രീകരിക്കുകയും ചെറു കപ്പലുകളായി മറ്റു തുറമുഖങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലേക്ക് മാറും.

പദ്ധതിയിൽ അറുപത് ശതമാനത്തിലേറെ നിക്ഷേപം നടത്തുന്ന സംസ്ഥാന സർക്കാരിന് അധികാരമോ ലാഭ വിഹിതമോ ഇല്ലാത്ത കരാറായിരുന്നു നേരത്തെ ഒപ്പിട്ടത്. 40 വർഷത്തേക്കുള്ള ആ കരാർ പ്രകാരം ബി.ഒ.ടി വ്യവസ്ഥയിലുള്ള പദ്ധതിയിൽ 20 വർഷം സർക്കാരിന് ലാഭവിഹിതം ഇല്ലാത്ത നിലയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വർഷം മാത്രം 1 ശതമാനം ലാഭവിഹിതം ലഭിക്കും. പിന്നീട് ഒരോവർഷവും 1 ശതമാനം വീതം അധിക ലാഭവിഹിതം. കരാറിൽ നിന്ന് പിന്മാറിയാൽ സർക്കാർ വൻ നഷ്ടപരിഹാരം നൽകേണ്ട വ്യവസ്ഥയുമുണ്ടായിരുന്നു.

ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ട് എൽഡിഎഫ് സർക്കാർ സപ്ലിമെൻററി കൺസഷൻ കരാർ ഒപ്പുവെച്ചതിന്റെ പ്രാധാന്യം. പലവിധ കാരണങ്ങളാൽ പദ്ധതി കമ്മീഷൻ ചെയ്യാൻ വൈകിയ സാഹചര്യത്തിൽ തുറുമുഖത്തിൽ നിന്നുളള വരുമാനം സംസ്ഥാനത്തിന് 2039ൽ മാത്രമേ ലഭിക്കു എന്നതായിരുന്നു നേരത്തെയുള്ള സാഹചര്യം. അതായത് പഴയ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക.

ഇപ്പോൾ ഒപ്പുവെച്ച സപ്ലിമെന്ററി കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും. മാത്രമല്ല, മൂലകരാർ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമഘട്ടം പൂർത്തിയാക്കേണ്ടത് 2045 ൽ ആയിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാർ പ്രകാരം 2028 ൽ തന്നെ എല്ലാവിധമായ നിർമ്മാണ പ്രവർത്തികളും പൂർത്തിയാവും. സംസ്ഥാന സർക്കാരും അദാനി കമ്പനിയും തമ്മിലുളള ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിർമാണപ്രവർത്തനം നിശ്ചയിച്ച സമയക്രമത്തിനേക്കാൾ വേഗത്തിലായത്. അതായത് 2045 ൽ മാത്രം തീരേണ്ട പദ്ധതി 17 വർഷങ്ങൾക്ക് മുൻപ് 2028ൽ തന്നെ തീരുന്ന നിലയുണ്ടാവുന്നത്.

2028 നകം തുറമുഖ നിർമ്മാണത്തിന്റെ അടുത്ത ഘട്ടം പൂർത്തീകരിക്കുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും. ഇതിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണ്ണമായും അദാനി പോർട്‌സ് ആയിരിക്കും വഹിക്കുക.

വിഴിഞ്ഞം ഒരു യഥാർത്ഥ മൾട്ടിമോഡൽ ഹബ്ബാണ്. ദേശീയ പാത 66ലേക്ക് ചുരുങ്ങിയ സമയത്തിൽ പ്രവേശനം സാധ്യമാക്കുന്ന റോഡ് കണക്ടിവിറ്റി, ഭാവിയിലെ വർദ്ധിച്ച ചരക്ക് ഗതാഗതം സുഗമമാക്കാൻ കേരളത്തിലെ ആദ്യത്തെ ക്ലോവർലീഫ് ഇന്റർചേഞ്ച് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. നിർമ്മാണം ഉടൻ ആരംഭിക്കുന്ന റെയിൽ പാത രാജ്യത്തിന്റെ റെയിൽ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും. തുറമുഖത്തു നിന്നും കേവലം 15 കീ.മി. ദൂരമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖത്തിന്റെ സംയോജിത കണക്റ്റിവിറ്റി പൂർണ്ണമാക്കുന്നു.

തുറമുഖം പൂർണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തിൽ വലിയ തോതിലുള്ള വാണിജ്യ വ്യാവസായിക വളർച്ചയുണ്ടാകും. അങ്ങനെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായും സമൂഹത്തിന്റെ കൈത്താങ്ങ് എന്ന നിലയിലും വിഴിഞ്ഞം ഒരു ശക്തമായ സാമ്പത്തിക എഞ്ചിനായി മാറുകയാണ്.

പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വി.ജി.എഫ് ഗ്രാന്റ് എന്ന സഹായത്തിനു പകരമായി, ലഭിക്കുന്ന ലാഭ വിഹിതത്തിന്റെ ഷെയർ ആണ് ചോദിച്ചിരിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും 2497 കോടി രൂപ അദാനി പോർട്‌സും വഹിക്കും.

ഇന്ത്യയിലെ ആദ്യ സെമിഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ടെർമിനൽ ഓപ്പറേറ്റിങ് സിസ്റ്റവുമായി (ടി.ഒ.എസ്) ചേർന്ന അത്യാധുനിക ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി സ്ത്രീകളെ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി.

ഐ.ഐ.ടി മദ്രാസും മാരിടൈം ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച, എ.ഐ, റഡാർ, സെൻസർ എന്നിവ ഉപയോഗിച്ച പുതിയ തലമുറ വെസ്സൽ ട്രാഫിക് മാനേജ്‌മെൻറ് സിസ്റ്റം (വി.ടി.എം.എസ്) കപ്പലുകളുടെ ചലനങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നു.

പരീക്ഷണ പ്രവർത്തന വേളയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖം, നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു. 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. 35 ശതമാനം പേർ വിഴിഞ്ഞം തദ്ദേശീയരും. തുറമുഖ വികസനം നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു കൊണ്ടാണ് എന്നതിന്റെ തെളിവാണിത്.

പദ്ധതിക്ക് ആവശ്യമായ ഭൂമി കടൽനികത്തി എടുത്തിട്ടുണ്ട്. തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അതിവേഗത്തിലാണ് പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2,960 മീറ്ററിന്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഇതിൽ 2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഔട്ടർ ഇന്നർ അപ്രോച്ച് ചാനൽ, ടേണിംഗ് പോക്കറ്റ്, ബെർത്ത് പോക്കറ്റ്, എന്നിവയ്ക്ക് ആവശ്യമായ ആഴം കൈവരിച്ചിട്ടുണ്ട്. ബ്രേക്ക് വാട്ടർ കോർലെയർ പൂർത്തിയായി. ആർമർ ലെയർ, അക്രോപോഡ് ലെയർ, വേവ് വാൾ എന്നിവയടക്കം നിർമ്മാണങ്ങൾ പൂർത്തിയായി. തുറുമുഖത്തെ കെട്ടിടങ്ങൾ, കണ്ടെയ്‌നർ ബൈർത്ത്, കണ്ടെയ്‌നർ യാർഡ് എന്നീവ പൂർത്തീകരിച്ചു. ഏട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളും സ്ഥാപിച്ചിട്ടുണ്ട്. ടഗ്ഗ് ബോട്ട്,പൈലറ്റ് കം സർവ്വേ വെസൽ എന്നിവ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. തുറുമുഖം പ്രവർത്തന സജ്ജമാകുന്നതിന് മുന്നോടിയായുളള എല്ലാ കേന്ദ്ര അനുമതികളും ലഭ്യമായി കഴിഞ്ഞിട്ടുമുണ്ട്.

റെയിൽ കണക്ടിവിറ്റി യാഥാർഥ്യമാക്കാൻ 2028 ഡിസംബർ വരെ സമയം സർക്കാരിന് ലഭിച്ചിട്ടുണ്ട്. കൊങ്കൺ റെയിൽവേയെ ഇതിന്റെ ഡിപിആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. 10.7 കിലോമീറ്റർ ദൈർഘ്യം ഉളള റെയിൽ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുളള പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുണ്ട്. തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പാതയുടെ 9.2 കിലോമീറ്ററും ടണൽ വഴിയാണ് കടന്ന് പോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കം 1482.92 കോടി ചിലവാകും. റെയിൽപാത യാഥാർത്ഥ്യമാകുന്നത് വരെ താൽകാലിക സംവിധാനം എന്ന നിലയിൽ കണ്ടെയ്നർ റെയിൽ ടെർമിനൽ സ്ഥാപിക്കാനുളള ചർച്ചകൾ റെയിൽവേയുമായി നടന്നുവരുന്നു.

തുറമുഖ നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക്, വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വേണ്ടി പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. നിലവിലെ മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരിച്ച്, ആവശ്യമായ അധിക സൗകര്യങ്ങളും ബർത്തുകളും സ്ഥാപിക്കുവാനുള്ള പദ്ധതി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പു നടപ്പിലാക്കുന്നതാണ്. ഇതിനായി 48 കോടി രൂപയുടെയും 25 കോടി രൂപയുടെയും രണ്ട് പദ്ധതികൾ എച്ച്.ഇ.ഡി തയ്യാറാക്കി പി.എം.എം.എസ്.വൈ സ്‌കീമിൽ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 256 കോടി രൂപ മുതൽമുടക്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു പുതിയ മത്സ്യ ബന്ധന തുറമുഖം വിസിൽ, എ.വി.പി.പി.എൽ ഇവയുടെ സഹായത്തോടെ നിർമ്മിക്കുന്നതാണ്. ഈ വികസനപ്രവർത്തനങ്ങൾക്ക് പുറമെ പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 3000 പേർക്ക് ജീവനോപാധി നഷ്ടപരിഹാരവും നൽകിയിട്ടുണ്ട്.

നിർമ്മാണം ആരംഭിച്ചശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികൾ വിവിധ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. അവയുടെ പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴിൽ പരിശീലനത്തിന് 50 കോടി രൂപ ചിലവിൽ ട്രെയിനിംഗ് സെൻറർ കൂടി ഒരുക്കിക്കൊണ്ട് കൂടുതൽ ചെറുപ്പക്കാർക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, ഔട്ടർ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കി തുറമുഖ നിർമ്മാണം മൂലമുള്ള നേട്ടങ്ങൾ പരമാവധി ഈ മേഖലയിൽ പ്രയോജനപ്പെടുത്തുവാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രാഥമികാനുമതികളും നൽകിക്കഴിഞ്ഞു.

പോർട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്റെ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ്ങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും.

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയാണ് നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് ഔട്ടർ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകൾക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റർ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്കപ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന ബൃഹത് പദ്ധതിയാകും ഇത്. ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതൽ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാർക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു.

തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 114.30 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു.

പദ്ധതി നടപ്പാക്കുന്നതിനിടയിൽ നിരവധി പ്രകൃതിക്ഷോഭങ്ങളാണ് നേരിട്ടത്. നിർമാണ വസ്തുക്കളുടെ കുറവ് കാരണം പദ്ധതിയുടെ നിർണായക ഘടകമായ 3000 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറിന്റെ പുരോഗതി മന്ദഗതിയിലായ സ്ഥിതിയുണ്ടായിരുന്നു. 2017 ഡിസംബറിൽ അതുവരെ നിർമ്മിച്ച ബ്രേക്ക് വാട്ടറിന് പടിഞ്ഞാറൻ തീരത്തെ ഓഖി ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ടു. പിന്നീട് 2018ലെ പ്രളയം, 2018ലെ അസാധാരണമായ ഉയർന്ന തിരമാലകൾ, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ എന്നീ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ് 19ന്റെ ആഗോള പ്രതിസന്ധി എന്നിങ്ങനെ വിവിധ തടസ്സങ്ങൾ മറികടന്നാണ് മറ്റിടങ്ങളിൽ നിന്നടക്കം പാറക്കല്ലുകൾ എത്തിച്ച് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. ‘എന്തിനെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാം, വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെയ്ക്കുന്നതൊഴികെ’ എന്നാണ് തെറ്റിധാരണകളിൽ നിന്നും പദ്ധതി പ്രദേശത്ത് സമരങ്ങൾ ഉണ്ടായപ്പോൾ സർക്കാർ നയം വ്യക്തമാക്കിയത്.

സർക്കാരിന്റെ പത്താം വാർഷികത്തിൽ രാജ്യത്തിന് സമർപ്പിക്കപ്പെടുന്ന ഈ അഭിമാന പദ്ധതി, സംസ്ഥാന സർക്കാരിന്റെ നിർണ്ണായക പങ്കാളിത്തത്തോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്ന, തന്ത്രപരമായ സമുദ്ര സാന്നിദ്ധ്യം ഉറപ്പിക്കുന്ന, ആഗോള വ്യാപാരത്തിന്റെ ഭാവിയെ പുൽകുന്ന ഒരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്റെ ചരിത്ര പ്രധാനമായ സാമൂഹ്യസാമ്പത്തിക വളർച്ച കൈവരിക്കുന്ന യാത്ര ആരംഭിക്കാൻ തയ്യാറായിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതിയുടെ മാതാപിതാക്കള്‍ ഹാജരായി

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി....

സ്‌കൂൾ പരിസരം നിരീക്ഷിക്കുന്നതിന് പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ പ്രവർത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും സ്‌കൂൾ പ്രവർത്തിസമയം കഴിഞ്ഞാലും...

“സ്റ്റാർസ് ഇൻ ദി ഡാർക്ക്നസിന്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു

തിരുവനന്തപുരം: ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇടത്തൊടി കെ ഭാസ്ക്കരൻ നിർമ്മിച്ച്, ലിൻസാ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക സിലവിണ്ടർ വില കുറച്ചു....
Telegram
WhatsApp