
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കാട്ടാക്കട തൂങ്ങാംപാറയിലാണ് സംഭവം നടന്നത്. കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്.
വിവാഹം കഴിഞ്ഞതിന്റെ ഭാഗമായി നടന്ന മദ്യസൽക്കാരത്തിനിടയിലുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിന് കുത്തേറ്റത്. കണ്ടല കാട്ടുവിള സ്വദേശി കിരൺ കണ്ണൻ എന്നയാളാണ് അജീറിനെ കുത്തിയത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരുക്കേറ്റ അജീറും പ്രതിയായ കിരൺ കണ്ണനും സുഹൃത്തുക്കളാണ്. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ബിയർ കുപ്പി ഉപയോഗിച്ച് അജീറിൻ്റെ കഴുത്തിനാണ് കിരൺ കുത്തിയത്. നിലവിൽ അജീറിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.


