
തൃശൂർ: തൃശൂർ പൂരത്തിന് ആവേശത്തുടക്കം. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് ശക്തന്റെ മണ്ണിൽ തുടക്കമായി. പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.
ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. മഠത്തില്‍വരവ് രാവിലെ 11 .30 ന് നടക്കും. ഉച്ചയോടെ ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങൾ വടക്കുന്നാഥ സന്നിധിയിൽ ഒത്തുചേരും. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.
രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകിട്ട് അഞ്ചോടെയാണ് ലക്ഷങ്ങൾ കാത്തിരിക്കുന്ന വർണ്ണാഭമായ കുടമാറ്റം നടക്കുക. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് പൂരനഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്.


