
ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ ചേർന്നാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ സേനാതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.
ഉറി,പൂഞ്ച്, രജൗരി, അഖനൂർ എന്നിവിടങ്ങളിൽ ആക്രമണം പാകിസ്ഥാൻ നടത്തുന്നുണ്ടെന്നും കേണൽ സോഫിയ ഖുറേഷി അറിയിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്.
പൂഞ്ചിൽ പാക് ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു. മേയ് ഏഴ്, എട്ട് തിയതികളില്‍ രാത്രി പാകിസ്താന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളമുള്ള ഇന്ത്യന്‍ വ്യോമാതിര്‍ത്തി തുടര്‍ച്ചയായി ലംഘിച്ചു. ഇന്ത്യന്‍ നഗരങ്ങള്‍, ജനവസ മേഖല, സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ലക്ഷ്യമിട്ടുവെന്ന് വിക്രം മിസ്രി പറഞ്ഞു. പാകിസ്താന്‍ നിരന്തരം നുണപ്രചാരണം നടത്തുന്നുവെന്നും മിസ്രി വ്യക്തമാക്കി.


