ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

0
71

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം കൂടുന്നു. ഇതിനകം നഗരത്തിലെ 30% ഹോട്ടലുകളും അടച്ചുപൂട്ടിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ബി.വിജയകുമാര്‍ പറഞ്ഞു. നഗരത്തിലെ പ്രധാനപ്പെട്ട പല ഹോട്ടലുകളും ഇതിനകം പ്രവര്‍ത്തനം നിറുത്തിവച്ചു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രണ്ടു ദിവസത്തിനകം ഭൂരിഭാഗം ഹോട്ടലുകളും പ്രവര്‍ത്തനം നിറുത്തേണ്ടിവരുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്.

ഹോസ്റ്റലുകളില്‍ കഴിയുന്നവര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരടക്കം ഹോട്ടല്‍ ഭക്ഷണത്തെ സ്ഥിരമായി ആശ്രയിക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളുടേതടക്കം ക്യാന്റീനുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ക്യാന്റീനുകള്‍ പലതിലും ഏതെങ്കിലും ഒരിനമായി ഭക്ഷണം ക്രമീകരിച്ചു.വിറകടുപ്പുകളില്‍ പാചകം സാദ്ധ്യമാകുന്നയിടങ്ങളില്‍ അതിനുള്ള ക്രമീകരണമൊരുക്കാന്‍ ഹോട്ടലുടമകള്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ സമബന്ധിതമായ പാചകം വിറകടുപ്പില്‍ സാദ്ധ്യമല്ല. കാറ്ററിംഗ് സ്ഥാപനങ്ങള്‍,ഓഡിറ്റോറിയങ്ങള്‍ എന്നിവ പാചകത്തിനായി വിറക് അടുപ്പുകള്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങി.ഹോട്ടലുകള്‍ താത്കാലികമായെങ്കിലും അടച്ചിടുന്നത് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. തൊഴിലാളികള്‍ക്കുള്ള ശമ്പളം അടക്കം ദൈനംദിനചെലവുകള്‍ അവതാളത്തിലാവും. കൂടുതല്‍ ദിവസം അടച്ചിടേണ്ടിവന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പലരും നാട്ടിലേക്ക് മടങ്ങാനുള്ള സാദ്ധ്യതയുമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here