
തിരുവനന്തപുരം: നൃത്ത വസന്തമൊരുക്കി ബോളിവുഡ് നര്‍ത്തകി ശ്വേതവാര്യരും അമ്മ അംബിക വാരസ്യാരും. അമ്മയും മകളും ഒന്നിനൊന്ന് മികവോടെയാണ് അരങ്ങിൽ നടനപ്പെരുമ തീര്‍ത്തത്. ഡിഫ്റെന്റ് ആർട്ട്സ് സെന്ററിലെ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇവർ നൃത്ത വിസ്മയം സൃഷ്ടിച്ചത്. മാജിക് പ്ലാനറ്റിലെ ഫന്റാസിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ശ്വേതയും അംബിക വാരസ്യാരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഭരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്ഹോപ്പും ഇഴചേര്‍ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല്‍ എന്ന നൃത്ത ഇനം ഏവരുടെയും ഹൃദയം കവര്‍ന്നു. അമ്മ അംബികാ വാരസ്യാരും അരങ്ങ് നിറഞ്ഞ പ്രകടനമാണ് കാഴ്ചവച്ചത്.
സ്വാര്‍ത്ഥ താത്പര്യങ്ങളേതുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ യഥാര്‍ത്ഥകല ഉള്ളില്‍ത്തട്ടി അവതരിപ്പിക്കുന്ന പ്രതിഭകളെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കാണാന്‍ കഴിഞ്ഞതെന്ന് ശ്വേത പറഞ്ഞു. മാതൃത്വത്തിന്റെ പരിപൂര്‍ണത നിറഞ്ഞ കരുത്താര്‍ന്ന അമ്മമാരാണ് ഇവിടുള്ളതെന്ന് അംബികാവാരസ്യാരും ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.
ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ഷൈലാ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ശ്വേതയെയും അമ്മയെയും പൊന്നാട അണിയിച്ചാദരിച്ചു. കരിസ്മ പ്രസിഡന്റ് സീമ മുരളി സ്വാഗതവും സെക്രട്ടറി സുമയ്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെന്ററിലെ കരിസ്മ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.


