
തിരുവനന്തപുരം: എന്നും പ്രിയപ്പെട്ട ബഷീറിന്റെ നാരായണിയെ സിനിമാ പ്രേമികൾ അറിഞ്ഞത് അവളുടെ ശബ്ദത്തിലൂടെ മാത്രമാണ്. നാരായണിയുടെ പ്രേമവും വിരഹവും വേദനയുമെല്ലാം ശബ്ദത്തിലൂടെ അറിഞ്ഞ മലയാളിക്ക് നാരായണിയെ നേരിട്ട് കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് ജയിൽ വകുപ്പ്.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റാളിലാണ് എഴുത്തിന്റെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന ചെറു നോവലിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സന്തോഷ് പെരളി ചിട്ടപ്പെടുത്തിയ ലഘുനാടകത്തിൽ അസി. പ്രിസൺ ഓഫീസർമാരായ അപർണ, രോഹിണി, ശരണ്യ എന്നിവരാണ് പല ദിവസങ്ങളിലായി അരങ്ങിൽ നാരായണിയായെത്തുന്നത്.
മനോഹരമായ പശ്ചാത്തല സംഗീതത്തിൽ 12 മിനിറ്റ് നീളുന്ന ദൃശ്യാവിഷ്കാരം ഏകാംഗ അഭിനയ മികവിൽ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ജയിൽ വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവർക്ക് മെയ് 23 വരെ ഇരുപത് മിനിറ്റ് ഇടവേളകളിൽ നാടകം ആസ്വദിക്കാവുന്നതാണ്.


