
തിരുവനന്തപുരം : ജവാഹർലാൽ നെഹ്റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുതുക്കുറിച്ചി നെഹ്റു യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചരമദിനമായ മെയ് 27 -ന് നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്‌പവൃഷ്‌ടി നടത്തിയതിന് ശേഷം വൈകുന്നേരം 6 മണിക്ക് പുതുക്കുറിച്ചി നെഹ്റു ജംഗ്ഷനിൽ “മതനിരപേക്ഷത : നെഹ്റു വിന്റെ വീക്ഷണത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി ആർജിത ഹിന്ദുസമാജം ചെയർമാൻ സ്വാമി ആത്മദാസ് യമി ധർമ്മപക്ഷ പ്രഭാഷണം നടത്തും.
പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ശശി എം .എൽ .എ നിർവ്വഹിക്കും.
ചടങ്ങിൽ മുൻ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെഹ്റു യൂത്ത് സെന്റർ രക്ഷാധികാരിയുമായ കെ.പി .രത്നകുമാർ അധ്യക്ഷത വഹിക്കും. സരോവരം ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാദർ അനൂപ് ആന്റൺ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ശാർങ്ഗധരൻ, കൺവീനർ സുലൈമാൻ പുതുക്കുറിച്ചി, റഷീദ ഷാജി, ആജു പെരേര, സൂസി ഗിൾസ്റ്റൺ, സനോബർ ചേരമാന്തുരുത്ത്, സജ്ജാദ് സുൽഫി, യഹിയ ഖാൻ,പടിക്കവിളാകം ശശി എന്നിവർ സംബന്ധിക്കും.
മെയ് 28 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവും അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും . ജീവിതമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി മുൻ ഡി .സി .സി പ്രസിഡന്റും നെഹ്റു യൂത്ത് സെന്റർ രക്ഷാധികാരിയുമായ കരകുളം കൃഷ്ണപിള്ള പ്രഭാഷണം നടത്തും, ചടങ്ങിൽ യൂത്ത് സെന്റർ ചെയർമാൻ എം .എസ്..നൗഷാദ് അധ്യക്ഷത വഹിക്കും .പാളയം പള്ളി ഇമാം ഡോക്ടർ വി .പി . സുഹൈബ് മൗലവി എന്നിവർ സംബന്ധിക്കും.
ചടങ്ങിൽ കേന്ദ്ര സർവീസിൽ നിന്നും 31 വർഷത്തെ സേവനത്തിന് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൽ നിന്നും വിരമിക്കുന്ന നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിന് ജന്മനാടിന്റെ ആദരവ് നൽകും .കൂടാതെ നെഹ്റു യൂത്ത് സെന്റർ സ്ഥാപകനും മുൻ ലോകായുക്ത സർക്കാർ പ്ളീഡറുമായിരുന്ന അഡ്വ .എം മുക്താർ നാട്ടുകാരനും പുതുക്കുറിച്ചി ഇടവക വികാരിയുമായി ചുമതലയേറ്റ ഫാദർ മൈക്കൽ തോമസിനെയും ചടങ്ങിൽ ആദരിക്കും. വിവിധ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികൾക്ക് കിംസ് ഹോസ്പിറ്റൽ നൽകുന്ന പഠനോപകാരണവും ചടങ്ങിൽ വിതരണം ചെയ്യും.


