
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, യഹിയകോയ തങ്ങൾ, സി എ റൗഫ് എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്ന് കോടതി ചൂണ്ടികാട്ടി. മാത്രമല്ല ഒരു ആശയത്തിൽ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം ജയിലിലടയ്ക്കാനാവില്ലെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളാണ് പ്രതികളെന്നും തീവ്രവാദ ബന്ധമുള്ള കേസാണിതെന്നുമാണ് എൻഐഎ ജാമ്യാപേക്ഷയെ എതിർത്ത് നിലപാടെടുത്തത്. 2022 ഏപ്രിൽ 16-നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്.


