
കണ്ണൂർ: സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ബി ജെ പി പ്രവർത്തകരാണ് മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി.
ഫ്ലെക്സ് ബോർഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മർദിച്ചതെന്ന് സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സാന്ത് പറയുന്നു. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം.പൊതുസ്ഥലത്തുവച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരു ഫ്ലെക്സ് ബോർഡിൽ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേർ വന്ന് ഹെൽമെറ്റ് കൊണ്ട് മർദിച്ചു’; എന്നാണ് യദു മാധ്യമങ്ങളോട് പ്രതികരിച്ചത്.
സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. കുട്ടികളെ താന്‍ കാണുമ്പോള്‍ അവരുടെ മൂക്കില്‍ നിന്നുള്‍പ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്നും മനസാക്ഷയില്ലാത്ത മർദനമാണ് കുട്ടികൾക്ക് നേരെയുണ്ടായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.







