
തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും സ്പോർട്സ് ഉൾപ്പെടെയുള്ള കലാ സാഹിത്യ പ്രവർത്തനങ്ങൾ സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാനസിക ഉല്ലാസത്തിനായി കുട്ടികളുടെ താത്പര്യപ്രകാരം കല അഭ്യസിപ്പിക്കാനും അവരിൽ പ്രചോദനമുണ്ടാക്കാനും സ്കൂളുകളിൽ വലിയ തോതിലുള്ള കലാ സാഹിത്യ പ്രവർത്തനങ്ങൾ നടത്തണം. പൊതുവിദ്യാഭ്യാസവകുപ്പ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളുടെ മാന സിക സംഘർഷം കുറയ്ക്കാനായി വ്യാപക പരിപാടികളാണ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍ ആദ്യ രണ്ടാഴ്‌ച പാഠപുസ്‌തക ക്ലാസുകള്‍ക്ക് പകരം ബോധവത്കരണ ക്ലാസുകള്‍ നടത്തും.
ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയുക, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്‌മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലീന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുക.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ നടത്തിയ ജില്ലാതല യോഗത്തിൽ പ്രമുഖ സംഗീതജ്ഞയായ കെ ഓമനകുട്ടി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.


