
പത്തനംതിട്ട: പത്തനംതിട്ട നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനം ഉണ്ടാകുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കിൽ അനുവദിക്കാൻ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. മോഡേൺ മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും. തീർത്ഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണം ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
3 നിലകളിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയിൽ 12 കിടക്കകളുള്ള കാഷ്യാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങൾ, 7 കിടക്കകളുള്ള ഒബ്സർവേഷൻ വാർഡ്, റിസപ്ഷൻ, ലാബ്, സാമ്പിൾ കളക്ഷൻ സെന്റർ, നഴ്സസ് സ്റ്റേഷൻ, ഇൻജക്ഷൻ റൂം, ഇസിജി റൂം, ഡ്രെസിംഗ് റൂം, പ്ലാസ്റ്റർ റൂം, ഫാർമസി, സ്റ്റോർ, പോലീസ് ഹെൽപ് ഡെസ്‌ക്, ലിഫ്റ്റുകൾ, അറ്റാച്ച്ഡ് ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.
രണ്ടാം നിലയിൽ 8 കിടക്കകളുള്ള ഐസിയു, നഴ്സസ് സ്റ്റേഷൻ, എല്ലാവിധ സൗകര്യങ്ങളുള്ള മൈനർ ഓപ്പറേഷൻ തീയറ്റർ, എക്സ്റേ റൂം, 13 കിടക്കകളുള്ള വാർഡ്, ഡോക്ടർമാരുടേയും നഴ്സുമാരുടേയും മുറികൾ, കോൺഫറൻസ് ഹാൾ, ഓഫീസ്, ശുചിമുറികൾ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയിൽ 50 കിടക്കകളുള്ള ഡോർമിറ്ററി സംവിധാനമാണൊരുക്കുക.
നിലയ്ക്കലിൽ സ്പെഷ്യാലിറ്റി ആശുപത്രി വരുന്നത് നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനകരമാകും. ശബരിമല തീർത്ഥാടനത്തിലെ പ്രധാന കേന്ദ്രമായ നിലയ്ക്കലിൽ സ്പെഷ്യാലിറ്റി ആശുപത്രിയെന്ന ദീർഘകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നത്.


