
തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനാ
യി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പൽ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും. അതിന്റെ ഭാഗമായി കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും കാര്യങ്ങളെല്ലാം വിശദീകരിച്ച് കേന്ദ്രത്തിന് ഉടൻ കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കപ്പൽ അപകടവുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യ നീക്കവും അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങൾ വേഗത്തിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ഫിഷറീസ് വകുപ്പ് സെക്രട്ടറി അബ്ദുൽ നാസർ, ഡയറക്ടർ സഫ്ന നസറുദ്ദീൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, ട്രേഡ് യൂണിയൻ നേതാക്കൾ, കുഫോസ്, പൊലൂഷൻ കൺട്രോൾ ബോർഡ്, കോസ്റ്റ് ഗാർഡ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


