
തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാണ്ഡിലെ കേദര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്.കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ഇരട്ടക്കൊലപാതകം നടത്തിയത്. ഇരുവരെയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പ്രേംകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
2019 ലാണ് പ്രേംകുമാർ ആദ്യ ഭാര്യയെ കൊലപ്പെടുത്തുന്നത്. കാമുകിക്കൊപ്പം കഴിയാൻ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് രേഖയെ വിവാഹം കഴിക്കുന്നത്.


