
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സിന് തകരാറെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറുണ്ടായ സാഹചര‍്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധനയ്ക്കുമായി ബ്ലാക് ബോക്സ് അമെരിക്കയിലേക്ക് അയച്ചേക്കുമെന്നാണ് വിവരം.
നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്. വിവരം വീണ്ടെടുക്കാനായി ഇപ്പോള്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ സഹായം തേടിയിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും. വാഷിങ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ ബോർഡിനു കീഴിലുള്ള ലാബിലായിരിക്കും പരിശോധന നടത്തുക.







