
തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.ഈ വർഷത്തെ പത്താംക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം വോളിയത്തിലാകും ഗവർണറുടെ അധികാരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തുക.
ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു. കൂടാതെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ അവസരത്തിൽ എവിടെയെല്ലാം ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്താൻ സാധിക്കുമോ അവിടെയെല്ലാം ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ കാലഘട്ടത്തിൽ ഗവർണറുടെ അധികാരങ്ങളെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.







