
മലപ്പുറം: നിലമ്പൂർ തിരിച്ചുപിടിച്ച് ആര്യാടൻ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയെടുത്തത്. 2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. 76666 വോട്ടാണ് യു ഡി എഫ് നേടിയത്. അതെ സമയം എൽഡിഎഫ് 65661 വോട്ടുകളും, അൻവർ 19593 വോട്ടുകളും, ബിജെപി 7593 വോട്ടുകളും നേടി.
രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്.







