spot_imgspot_imgspot_img

ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധി

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഗുരുതരണ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്നും ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്നുമാണ് ഡോക്ടർ പ്രതികരിച്ചിരിക്കുന്നത്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ലെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു. ഉപകരണങ്ങൾ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകൾ മാറ്റി. മകൻ്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാൽ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർവശത്ത് ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിൽ ആകുന്നത് ഡോക്ടർമാരും വകുപ്പ് മേധാവിയും.

ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്.

ഇതുപോലെ എത്രയോ പേർ. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവർ, കൂടെ ഇരിക്കാൻ ബന്ധുക്കൾ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിർത്തുന്നവർ, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിർത്തി ലോണെടുത്തും ചികിത്സയ്ക്ക് വരുന്നവർ, ബന്ധുക്കൾ അനാഥാലയങ്ങളിൽ തള്ളിയവർ, ലോട്ടറി കച്ചവടം ചെയ്തും വഴിയിൽ ഭിക്ഷയെടുത്തും വരുന്ന ധാരാളം പേർ. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാൻ മെഡിക്കൽ കോളേജിൽ കാണുന്നത്. അവർക്ക് കൃത്യസമയത്ത്, മികച്ച ചികിത്സ നൽകാൻ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർമാരും രാപ്പകൽ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുന്നു.

പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങൾ വാങ്ങിത്തരുന്നത് കൊണ്ടാണ് കുറേയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികൾ ഓപ്പറേഷന് കാത്തിരിക്കുമ്പോൾ ദയവായി നിങ്ങൾ ഡോക്ടർമാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികൾ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഒരു വകുപ്പ് മേധാവി എന്ന നിലയിൽ ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസിൽ വരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp