spot_imgspot_imgspot_img

നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കും: മന്ത്രി പി. രാജീവ്

Date:

തിരുവനന്തപുരം: നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കുമെന്ന് വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെയും ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം എസ് എം ഇ ദിനാഘോഷം തിരുവനന്തപുരം റെസിഡൻസി ടവറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എം.ഇകളിൽ നിലവിൽ നല്ലൊരു ശതമാനവും നാനോ യൂണിറ്റുകളാണ്. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയിരം സംരംഭങ്ങൾ, ശരാശരി 100 കോടി വിറ്റുവരവ് എന്ന ലക്ഷ്യത്തോടെ ‘മിഷൻ 1000’ ആണ് ഇപ്പോൾ നടപ്പാക്കുന്നത്.

എൻഹാൻസിങ് ദ റോൾ ഓഫ് എം എസ് എം ഇ ആസ് ഡ്രൈവേഴ്‌സ് ഓഫ് സസ്‌റ്റൈനബിൾ ഗ്രോത്ത് ആൻഡ് ഇന്നോവേഷൻ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷത്തിന്റെ പ്രമേയം. എം എസ് എം ഇകളുടെ വളർച്ചയ്ക്ക് അനുസൃതമായി കേരളത്തിൽ ഒരുപാട് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേരളത്തിൽ നിന്നും ആകെയുള്ള ഉദ്യം രജിസ്ട്രേഷൻ 75,221 ആയിരുന്നു. ഇന്നത്തെ കണക്ക് അനുസരിച്ച് അത് 15,75,987 ആയി വളർന്നു. അതിൽ മൂന്നര ലക്ഷമാണ് പുതിയതായി രജിസ്റ്റർ ചെയ്ത എം എസ് എം ഇകൾ. വ്യവസായ വകുപ്പിന്റെ കാമ്പയിനിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാത്ത എം.എസ്.എം.ഇകൾ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കി. അതിലൂടെ ഏകദേശം 23,000 കോടി രൂപയുടെ നിക്ഷേപവും ഏഴേകാൽ ലക്ഷത്തോളം തൊഴിൽ അവസരമുണ്ടായതായും മന്ത്രി അറിയിച്ചു.

എം.എസ്.എം.ഇ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അതിന്റെ മാർക്കറ്റിങ്. അതിന്റെ ഭാഗമായി റേഷൻ കടകളോട് ചേർന്ന് പ്രവർത്തിക്കുന്ന കെ സ്റ്റോറിലൂടെ ഏകദേശം 30 കോടിയുടെ എം.എസ്.എം.ഇ ഉത്പന്നങ്ങൾ ഒരു വർഷത്തിനിടയ്ക്ക് വിൽക്കാൻ കഴിഞ്ഞു. കെ ഷോപ്പിയിലൂടെ ഘട്ടം ഘട്ടമായി എം.എസ്.എം.ഇകളെയും അതിൽ ഉൾപ്പെടുത്തും. കേരളാ ബ്രാൻഡായ ‘നന്മ’ എം.എസ്.എം.ഇ ഉത്പന്നങ്ങൾക്കും നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

എം.എസ്.എം.ഇയെ പ്രോത്സാഹിപ്പിക്കാനായി നിലവിൽ 38 പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അംഗീകാരം നൽകി. മൂന്ന് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് വികസന അനുമതി ലഭിച്ചു. എട്ട് പാർക്കുകൾക്ക് കൂടി ഉടൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. കാമ്പസുകളോട് ചേർന്ന് ഇൻഡസ്ട്രിയൽ പാർക്കുകൾ വരുന്നതിലൂടെ വ്യവസായ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും വികസിക്കും.

ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സിൽ രാജ്യത്ത് 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാമത് ആണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. അതോടൊപ്പം, കേന്ദ്ര ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം എഫ് ഡി ഐയുടെ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിൽ ഈ വർഷം 100 ശതമാനം വളർച്ചയുണ്ടായ ഏക സംസ്ഥാനം കേരളമാണ്. നമ്മൾ ഇപ്പോൾ ഒമ്പതാം സ്ഥാനത്തിലെത്തി. ഇതൊരു പൊതുബോധമായി മാറേണ്ടതുണ്ട്. പലരുടെയും ധാരണ കേരളത്തിൽ ഇതൊന്നുമില്ല എന്നാണ്. കേരളമാണ് ലോകത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ ഹബ്. ആദ്യ മൂന്ന് സ്ഥാനത്തിലുള്ള കമ്പനികളും കേരളത്തിൽ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് കമ്പനി കേരളത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ പല്ല് നിർമാണ കമ്പനി കേരളത്തിലാണ്. മെഡിക്കൽ ഉപകരണ വ്യവസായത്തിന്റെ 20 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ സർക്കാർ നല്ല രീതിയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി) സാധ്യതകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. അപ്പോൾ കേരളത്തെ ലോകത്തിന് മുന്നിൽ ഷോകേസ് ചെയ്യണമെങ്കിൽ എല്ലാവരും അതിനായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കേരളത്തിലെ പുതിയ തലമുറ അതിൽ പ്രധാനപ്പെട്ടതാണ്. ചെറുപ്പക്കാർ ഇവിടെ തന്നെ ജോലി ചെയ്യണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

‘Awareness Response for Young and Student Entrepreneurs (ARYSE)- Kerala’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. എം എസ് എം ഇ മേഖലയുടെ പ്രസക്തിയും പ്രാധാന്യവും യുവതലമുറയെയും വിദ്യാർത്ഥികളെയും ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എക്കോടെക്‌സ് ഹാൻഡ്‌ലൂം കൺസോർഷ്യത്തിന്റെ സ്ഥാപകൻ പത്മശ്രീ പി. ഗോപിനാഥൻ, കെ.പി. നമ്പൂതിരീസ് ആയുർവേദിക്സിന്റെ മാനേജിങ് ഡയറക്ടർ കെ. ഭവദാസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ‘വ്യവസായ ജാലകം 2025’ എന്ന കൈപ്പുസ്തകം ചടങ്ങിൽ അധ്യക്ഷത വഹിച്ച ആന്റണി രാജു എം എൽ എയ്ക്ക് നൽകി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന, മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ ധാരണാപത്രം വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ‘കേര’ പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടർ ഡോ. ബി. അശോകും തമ്മിൽ ഒപ്പുവെച്ചു.

വ്യവസായ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ, നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ, മൂല്യവർദ്ധിത കാർഷിക/ വ്യവസായ ഉത്പാദന ഉദ്യമങ്ങൾ, തോട്ടം വ്യവസായം, പുതിയ വ്യവസായ നയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരിയുടെ മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനം മന്ത്രി പി. രാജീവ് വിതരണം ചെയ്തു.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ആൻഡ് പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസർ പി. വിഷ്ണുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ്, കൈത്തറി ആൻഡ് ടെക്സ്റ്റിൽസ് വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ വകുപ്പ് അഡി. ഡയറക്ടർ രാജീവ് ജി, കെ എസ് എസ് ഐ എ പ്രസിഡന്റ് എ. നിസാറുദീൻ, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.കെ.സി. റസാഖ്, എഫ് ഐ സി സി ഐ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ, എസ്.പി.എം.യു. ‘കേര’ പ്രൊക്യൂർമെന്റ് ഓഫീസർ സുരേഷ് തമ്പി എന്നിവർ പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp