
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ നിപ ബാധിച്ച യുവതിയുടെ ബന്ധുവായ പത്ത് വയസുകാരിക്കും പനി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ സാമ്പിൾ കോഴിക്കോട്, പൂനെ വൈറോളജി ലാബുകളിൽ പരിശോധന നടത്തും.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ 91 പേരാണ് ഉള്ളത്. ഇതിൽ 59 പേരാണ് പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. അതേസമയം, യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ടായിരുന്നു എന്ന് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.







