
കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.കെ. സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.
ഫലം റദ്ദായത് പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കും. നടപടിയിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കകൾ കോടതി പരിഗണിച്ചാണ് കീം പരീക്ഷാ ഫലം റദ്ദാക്കാൻ തീരുമാനിച്ചത്.







