
കോട്ടയം: പൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടയ്ക്കാട് അഷറഫ് റാവുത്തർ -സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്തിമയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ മാസം രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ടു ഹന്നയ്ക്ക് മുറിവേറ്റത്. ഉടൻ തന്നെ കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിക്ക് രണ്ടാം ഡോസ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നാൽ അപ്പോൾ കുട്ടിക്ക് ചില അസ്വസ്ഥതകൾ ഉണ്ടായതോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലെരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.







