
ഡൽഹി: യുപി ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് അഭിഷോ ഡേവിഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സ്വാഭാവിക മരണമാണോ, ആത്മഹത്യയെന്നോ വ്യക്തമല്ല. മുറിക്കുള്ളിൽ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ മുറിയിൽ നിന്നും ആത്മഹത്യകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ഗോരക്പൂർ സിറ്റി എസ്പി അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മൂന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്തേഷ്യ വിഭാഗം ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു.







