
പ്രമുഖ തെന്നിന്ത്യന്‍ നടനും ആന്ധ്രാപ്രദേശ് മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.
2015ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. ഒരു നാടക കലാകാരനായിട്ടാണ് റാവു അഭിനയ ജീവിതം ആരംഭിച്ചത്. 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. 1999 മുതല്‍ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു.







