
തിരുവനന്തപുരം: പോത്തൻകോട് പുതുതായി രൂപീകരിച്ച പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങൾക്കുള്ള വോളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം എൽ വി എച്ചു്എസ് ടെക്കീസ് പാർക്കിൽ വച്ച് ആർ സി സി യിലെ അഡീഷനൽ ഡയറക്ടർ ഡോ.എ സജീദ് നിർവഹിച്ചു.
കിടപ്പുരോഗികൾക്ക് മാത്രമല്ല ഏതു പ്രായത്തിലുള്ളവർക്കും ഏതുതരം രോഗാവസ്ഥയിലും സാന്ത്വന ചികിത്സ ആവശ്യമായി വരുമെന്ന് ഡോ.എ സജീദ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമാക്കി 1994 ഡോ. ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പാലിയേറ്റീവ് പ്രവർത്തനം ഇന്ന് കേരളമാകെ വ്യാപിക്കുകയും ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനമായി മാറുകയും ചെയ്തത്, ഇന്ത്യയ്ക്ക് മാതൃകയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് പ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ആളുകൾ എത്തുന്നത് തന്നെ ഒരുസുകൃതമാണ്.
ആതുരശുശ്രൂഷാ രംഗത്ത് ചെയ്യാൻ കഴിയുന്ന മഹനീയമായ സേവനമാണ് പാലിയേറ്റീവ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ പ്രസിഡണ്ട് ആർ.രവീന്ദ്രൻ നായർ അധ്യക്ഷനായിരുന്നു. രക്ഷാധികാരി സലാഹുദ്ദീൻ, സെക്രട്ടറി ഷാജഹാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിതകുമാരി, പാലിയം ഇന്ത്യ ട്രെയിനർ ഷിജോ,പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ, സെക്രട്ടറി വിനീഷ്,
ഷാനിഫ സിസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ആശ-അംഗൻവാടി പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







