
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം. കുട്ടിയുടെ അമ്മയും സുഹൃത്തും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് സംഭവം.
പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. അമ്മ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് കുട്ടി മർദനത്തിനിരയായത്. ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചുവെന്നും അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്
കുട്ടിയുടെ അമ്മയും അച്ഛനും അകന്നു കഴിയുകയായിരിന്നു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദിച്ചതെന്നും സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചുവെന്നാണ് വിവരം. മർദനം സഹിക്കാനാകാതെ കുട്ടി സ്കൂളിൽ നിന്നും നേരെ അച്ഛന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
തുടർന്ന് അച്ഛൻ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തുപറയുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാവ് അനു സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.







