
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാൾ മരിച്ചു. ചൊവ്വര സ്വദേശി തീർഥപ്പൻ(57) ആണ് മരിച്ചത്. മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് തീർഥപ്പനു മർദ്ദനമേറ്റിരുന്നു. തുടർന്ന് ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
ജൂലൈ 28ന് രാത്രിയാണ് സംഭവം നടന്നത്. സുഹൃത്ത് അലോഷ്യസിനൊപ്പം തീർത്ഥപ്പൻ മദ്യപിച്ചിരുന്നു. അടിമലത്തുറ ഒന്നാം കുരിശടിക്ക് സമീപമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇത് മർദനത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു.
അലോഷ്യസിൻ്റെ അടിയേറ്റ് തീർത്ഥപ്പൻ തറയിൽ തലയടിച്ച് വീണു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പരിക്കേറ്റ തീർഥപ്പൻ എന്നാൽ അപ്പോൾ ചികിത്സ തേടിയിരുന്നില്ല. തുടർന്ന് ജൂലൈ 29 ന് വൈകിട്ടായപ്പോഴേക്കും തീർത്ഥപ്പൻ്റെ ആരോഗ്യനില വഷളാവുകായിരുന്നു.
തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും തീർഥപ്പന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് തീർത്ഥപ്പൻ മരിച്ചത്.







